2001 ഡിസംബര്‍ 14അത് ആ റമദാനിലെ അവസാന വെള്ളിയാഴ്ച. ജുമുഅ നമസ്കാരത്തിനു പുറപ്പെട്ടതായിരുന്നു ഞാന്‍. ബസിലിരിക്കെ ഒരു മാന്യന് വന്ന് സൈഡിലേക്ക് നീങ്ങിയിരിക്കാന്‍ അഭ്യര്‍ഥിച്ചു. തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങുന്നതിനാല്‍ അകത്ത് കയറിയിരിക്കാന്‍ അയാള്‍ക്ക് വഴിയൊരുക്കി. എന്നാല്‍, അത് കണ്ടതായി ഭാവിക്കാതെ അയാള്‍ നില്പ് തുടര്‍ന്നു. അടുത്ത ട്രാഫിക്പോയന്റിലെത്തിയപ്പോള്, താന്‍ ദല്‍ഹി പോലിസ് ആണെന്ന് പരിചയപ്പെടുത്തിയ അയാള്‍ സീനിയര്‍ ഓഫീസര്‍ക്ക് എന്തോ പറയാനുണ്ടെന്നും അതിനാല്‍ കൂടെ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. അതിനിടെ ബസ് ഇളകിക്കഴിഞ്ഞിരുന്നു. അയാള്‍ ഡ്രൈവറോട് നിര്‍ത്താന്‍ ആജ്ഞാപിച്ചു. ബസ് നിന്നു. ഒരു ഉന്തിലോ തള്ളിലോ അയാള്‍ക്കൊപ്പം ഞാനും റോഡിലായിക്കഴിഞ്ഞിരുന്നു. ബഹളമുണ്ടാക്കേണ്ട എന്നു കരുതി ഞാന്‍ ക്ഷമിച്ചു. പള്ളിയില്‍ കൂടെ വരൂ, നമസ്കാരം കഴിഞ്ഞശേഷം വിശദമായി സംസാരിക്കാം എന്നായി ഞാന്‍. എന്നാല്‍, അപ്പോഴേക്കും നിര്‍ത്തിയ ബസിനു പിറകിലുണ്ടായിരുന്ന ഒരു മാരുതിയില്‍നിന്ന് രണ്ടുപേര്‍ പുറത്തിറങ്ങി. അവരെന്നെ കാറിലേക്കു പിടിച്ചിട്ടു. അകത്തെത്തിയതും അവര്‍ തോക്കെടുത്തു എന്റെ നേര്‍ക്കു പിടിച്ചു. മുന്നില്‍ രണ്ടുപേര്‍, പിന്‍സീറ്റില്‍ രണ്ടുപേര്‍ക്കു നടുവില്‍ ഞാന്‍. അവര്‍ എന്നെ ഞെക്കിഞെരുക്കിയിരുന്ന് തുരുതുരെ ശകാരം ചൊരിഞ്ഞുകൊണ്ടിരുന്നു. ആരാണിവരെന്ന് മനസ്സിലായില്ല. എന്റെ കീശയിലുള്ളതെല്ലാം ^മൊബൈല്‍ ഫോണും പഴ്സും കേള്‍വിക്കുള്ള ഒരു ഉപകരണവും^അവര്‍ കവര്‍ന്നു.ഞാന്‍ പിന്നെയും എന്നെ പള്ളിയില്‍ വിടാന്‍ ആവശ്യപ്പെട്ടു. പൂരത്തെറിയായിരുന്നു മറുപടി. കേള്‍വി ഉപകരണം കശ്മീരിലുള്ള ഭാര്യാമാതാവിനുള്ളതായിരുന്നു. അന്ന് നാട്ടിലേക്ക് തിരിക്കുന്ന അളിയനെ ഏല്പിക്കാനുള്ളതായിരുന്നു അത്. ഇതറിയിച്ചപ്പോള്‍ വണ്ടി തീസ്ഹസാരിയിലെ ജെ.കെ.ടി.ഡി.സി ബസ്സ്റ്റാന്റിലേക്ക് തിരിച്ചുവിട്ടു. അവിടെ അളിയന് ഇനായത്തുല്ലയും എന്റെ അനിയന് ബിസ്മില്ലയും ഉണ്ടായിരുന്നു. വണ്ടി നിര്‍ത്തിയപ്പോള്‍ ഡ്രൈവറുടെ അടുത്തിരുന്നയാള്‍ (ഇത് ദല്‍ഹി പോലിസ് സ്പെഷല്‍സെല്ലിലെ അസി.കമീഷണര്‍ രജ്ബീര്സിംഗും ഡ്രൈവര്‍ ഈയിടെ ബട്ലഹൌസില് കൊല്ലപ്പെട്ട മോഹന്‍ചന്ദ് ശര്‍മയും ആണെന്ന് പിന്നീട് മനസ്സിലായി) എന്റെ പഴ്സില്‍നിന്ന് കാശെടുത്ത് തിന്നാന്‍ വല്ലതും വാങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നെ വണ്ടി ചെന്നുനിന്നത് രാജ്ഘട്ടിനു സമീപം. എന്റെ കണ്ണുകള്‍ മൂടിക്കെട്ടി. കൈകള്‍ രണ്ടും പിറകിലേക്ക് ചേര്‍ത്തു ബന്ധിച്ചു. ഒരു മണിക്കൂര്‍ നേരത്തെ യാത്രക്കുശേഷം എന്നെ പുറത്തിറക്കി കണ്ണിന്റെ കെട്ടഴിച്ചു. ഏതോ കെട്ടിടത്തിന്റെ വരാന്തയിലാണ്. അവിടെ ഒട്ടേറെ പേരുണ്ടായിരുന്നു. ചിലര്‍ ഉയര്‍ന്ന ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരാണെന്നു തോന്നി. പൊടുന്നനെ നാലുപാടും നിന്നവര്‍ ഒന്നിച്ച് എന്നെ പ്രഹരിക്കാന്‍ തുടങ്ങി. ചിലര്‍ മുളവടികളും ചിലര്‍ ബെല്‍റ്റും ഇനിയും ചിലര്‍ കൈയില്‍ കിട്ടിയതെന്തും ഉപയോഗിച്ചു. ഇത് ഇരുപത് മിനിറ്റോളം നീണ്ടു. തുടര്‍ന്ന് ഒരാള്‍ എന്നെ സമീപിച്ചു. പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണെന്നു സമ്മതിക്കണമെന്നും അന്ന് കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നുമായിരുന്നു അയാളുടെ ആവശ്യം. അതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അറിയാത്ത കാര്യങ്ങളില്‍ കുറ്റസമ്മതം നടത്തുന്നതെങ്ങനെ? 'സാരമില്ല, അല്പനേരം കൊണ്ട് നീ എല്ലാം സമ്മതിക്കും'^അയാള്‍ ആക്രോശിച്ചു.പിന്നീട് അവരെന്നെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കി. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടി. കാലുകള്‍ ചേര്‍ത്തുകെട്ടി, അതിനിടയിലൂടെ ഒരു ഇരുമ്പുദണ്ഡ് കടത്തി എന്നെ തലകീഴായി തൂക്കിയിട്ടു. പിന്നെ നിര്‍ത്താത്ത പ്രഹരമായിരുന്നു. ഒരിറ്റു ദയയെങ്കിലും പ്രതീക്ഷിച്ചത് വെറുതെ. ഒടുവില്‍ അര്ധബോധത്തിലേക്ക് വീഴുന്ന എന്നെ കെട്ടഴിച്ച് തണുത്തുറഞ്ഞ പ്രതലത്തിലേക്ക് എറിഞ്ഞു. അത് ഐസ്കട്ടയുടെ പുറത്തായിരിക്കണം. ബോധം തിരിച്ചുകിട്ടുമ്പോള്‍ രണ്ടുപേര്‍ ഇരുവശത്തുനിന്നും എന്നെ തോളില്‍പിടിച്ച് നിര്‍ത്താനാവുമോ എന്നു നോക്കുകയാണ്. അവര്‍ പിടിവിടുമ്പോഴേക്കും ഞാന്‍ കുഴഞ്ഞുവീണു. അത് രസിക്കാതെ പിന്നെയും അവരെന്നെ പൊക്കിയെടുത്ത് വലിച്ചിഴച്ചു. എഴുന്നേറ്റോടാന്‍ കല്പിച്ചു. നിവരാന്‍ പോലുമാവാതെ ഞാന്‍ വീണ്ടും തകര്‍ന്നുവീണു. ആ തണുത്തുറഞ്ഞ ഡിസംബര്‍കാലത്ത് അവരെന്റെ മേല്‍ മഞ്ഞുവെള്ളം കോരിയൊഴിച്ചു. ശാരീരികപീഡനത്തിലൂടെ കുറ്റസമ്മതം നടത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മാനസികപീഡനത്തിന്റെ ഊഴമായി. കുറ്റം സമ്മതിച്ചില്ലെങ്കില്‍ ഭാര്യയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി വധിച്ചുകളയുമെന്നായി ഒരു സീനിയര്‍ ഓഫീസര്‍ (ഇത് സ്പെഷല്‍സെല്ലിലെ ഡെപ്യൂട്ടി കമീഷണര്‍ അശോക് ചന്ദ് ആയിരുന്നുവെന്ന് പിന്നീട് അറിഞ്ഞു). വീട്ടില്‍ ചെന്ന് ഭാര്യയെയും മക്കളെയും പൊക്കാന്‍ എന്റെ മുമ്പില്‍വെച്ച് അയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. നിരപരാധരെ, സ്ത്രീകളെയും സ്കൂളില്‍ പോയിത്തുടങ്ങുന്ന കുഞ്ഞുമക്കളെയും ദ്രോഹിക്കാന്‍ നിയമം പറയുന്നുണ്ടോ?^ഞാന്‍ ചോദിച്ചു. ശകാരം ചൊരിഞ്ഞുകൊണ്ട് അയാളുടെ മറുപടി: 'ഇവിടെ ഞങ്ങളാണ് നിയമം'.മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനുശേഷം അവര്‍ക്ക് വിശ്രമം വേണ്ടിയിരുന്നു. ഡി.സി.പി അശോക്ചന്ദ് ചായയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു. എനിക്ക് അന്ന് നോമ്പായിരുന്നു. നോമ്പ് തുറക്കാന്‍ ഒരിറ്റു വെള്ളം ചോദിച്ചു; അനുവദിച്ചില്ല. ചായ വരുന്നതുവരെ അവര്‍ എന്റെ ശരീരം പരിശോധിക്കുകയാണ്. നൂല്‍ബന്ധം പോലുമില്ലാതെ വാടിക്കുഴഞ്ഞ് നില്‍ക്കുകയാണ് ഞാന്‍. അവര്‍ തറയിലിരുത്തി എനിക്ക് ചായ തന്നു. ആ ഇടവേളയില്‍ ഞാന്‍ എന്റെ ശരീരത്തിലേക്ക് നോക്കി. മേലാസകലം ചോരയില്‍ കുതിര്‍ന്നിരിക്കുന്നു.അടുത്ത ഊഴം ഏതാനും സീനിയര്‍ ഓഫീസര്മാരുടേതായിരുന്നു. ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍. അവരും കുറ്റസമ്മതത്തിന് നിര്‍ബന്ധിച്ചു. ഞാന്‍ നിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കണ്ടതോടെ പീഡനം പിന്നെയും തീവ്രതരമായി. പിന്നെ ഒരു വണ്ടിയില്‍ വലിച്ചിട്ട് എങ്ങോട്ടോ യാത്രയായി. ദീര്‍ഘയാത്രക്കുശേഷം വണ്ടിനിന്നു. പുറത്തേക്ക് തള്ളിയിട്ട് എന്നെ നടക്കാന്‍ നിര്‍ബന്ധിച്ചു. ഒന്ന് ശ്രമിച്ചെങ്കിലും ഞാന്‍ തളര്‍ന്നുവീഴുകയായിരുന്നു. പിന്നെ കോണി കയറിപ്പോകുന്നതായി തോന്നി. ഒടുവില്‍ ഒരു റൂമിലേക്ക് എന്നെവലിച്ചെറിഞ്ഞു. അവിടെ കണ്ണുകളിലെ കെട്ടഴിച്ചുമാറ്റി. ഒരു കൊച്ചുമുറിയില്‍ കൈയാമം വെച്ച് കാല്‍ച്ചങ്ങലയില്‍ ചുറ്റിലും തോക്കേന്തിയ ഗാര്‍ഡുകളുടെ നടുവിലാണ് ഞാന്‍. അല്പനേരം കഴിഞ്ഞ് അശോക്ചന്ദ് വന്ന് എന്റെ കുടുംബം അവിടെയുണ്ടെന്ന് അറിയിച്ചു. ഞാന്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ ഭാര്യ കൂട്ടബലാല്‍ക്കാരത്തിന് ഇരയാകുമെന്നും കുടുംബത്തെ എന്റെ കണ്മുന്നില് ഇല്ലായ്മ ചെയ്യുമെന്നും പിന്നെ താന്‍ ആജീവനാന്തം ജയിലില്‍ കഴിയേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഈ കോലത്തില്‍ എന്നെ കുഞ്ഞുമക്കളെ കാണിക്കരുതെന്ന് ഞാന്‍ കെഞ്ചി. ചങ്ങലയില്‍ തളച്ച്, ചോരവാര്‍ന്നൊലിക്കുന്ന നിലയില്‍ ഉപ്പയെ കാണാനിടയായാല്‍ മക്കള്‍ എന്താകും എന്നായിരുന്നു ആധി മുഴുവന്‍. പക്ഷേ, അവരത് കേട്ടില്ല. അല്പസമയത്തിനകം എന്നെ കാര്യങ്ങള്‍ തെര്യപ്പെടുത്താന്‍ ശട്ടംകെട്ടി കുടുംബത്തെ മുന്നിലെത്തിച്ചു. ഞാന്‍ ഭാര്യയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ കള്ളം സമ്മതിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഉണര്‍ത്തി. അവള് ധൈര്യപൂര്‍വം എനിക്ക് കരുത്തുപകര്‍ന്നു. ഈ ഹ്രസ്വമായ കൂടിക്കാഴ്ചക്കുശേഷം എന്നെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി. അടിയുടെ എണ്ണം എനിക്ക് തിട്ടപ്പെടുത്താനായില്ല. എല്ലാം കഴിഞ്ഞ് ഒരു ഇരുണ്ട സെല്ലില്‍ കൊണ്ടുചെന്നു തള്ളി. പിറ്റേന്ന് വെളുപ്പിന് ടോയ്ലറ്റില് കൊണ്ടുപോയി, ചങ്ങലയില്‍ തളച്ചുതന്നെ. കക്കൂസിനകത്തും തോക്കേന്തിയ ഗാര്‍ഡുകള്‍ കാവല്‍നിന്നു. തിരിച്ചെത്തിയ എനിക്ക് ഒരു കപ്പ് ചായയും ബിസ്കറ്റും തന്നു^അന്നത്തെ പ്രാതല്‍. അതിനുശേഷം കണ്ണുകെട്ടി മറ്റേതോ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഒരു കെട്ടിടത്തിലെ വാതിലും ജനലും അടച്ചിട്ട മുറി. അവിടെയും ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു, ഒരുവിഭാഗം ചോദ്യംചെയ്യുന്നു, മറുവിഭാഗം ഭേദ്യം തുടരുന്നു. ഉച്ചയൂണ് വന്നപ്പോള്‍ എനിക്കു കിട്ടിയ പ്ലേറ്റില്‍നിന്ന് 'ബി.എസ്.എഫ് ഭിലാസ്വ ക്യാമ്പ്' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അതിര്‍ത്തി രക്ഷാസേനയുടെ ഏതോ ക്യാമ്പിലാണ് എന്നതിന്റെ തെളിവ്.കുടുംബത്തെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണി പിന്നെയും തുടര്‍ന്നു. അത് കാര്യം തന്നെയാണെന്ന് ബോധ്യപ്പെടുത്താന്‍ എന്നെ കെട്ടിടത്തിന്റെ മറുഭാഗത്തുള്ള റൂമിലേക്ക് കൊണ്ടുപോയി. അവിടെ മറ്റൊരു മുറിയില്‍ ഭാര്യ, രണ്ടു മക്കള്‍, അനിയന്, രണ്ട് അളിയന്മാര്, ശൌക്കത്തിന്റെ ഭാര്യ അഫ്ശാന്‍ ഗുരു എന്നിവരെ കാണാം; പക്ഷേ, മിണ്ടാനാവില്ല. രാത്രിയെപ്പോഴോ കണ്ണുകെട്ടി പിന്നെയും സ്ഥലംമാറ്റി. ഇപ്പോള്‍ ഏതോ കോണിപ്പടവുകളിലൂടെ മുകളിലേക്ക് വലിച്ചിഴക്കുകയാണ്. കണ്ണിന്റെ കെട്ടുകളഴിച്ചപ്പോള് ഒരു ഇടനാഴിയില്‍ രണ്ടു പോലിസുകാര്‍ ഇടത്തും വലത്തുമായി. എന്നെ താങ്ങിയെടുത്ത് നടത്താന്‍ നോക്കി. വേച്ചുവേച്ചു നടക്കുന്നതിനിടെ കുഴഞ്ഞുവീണത് ഒരു വാതിലിലേക്ക്. അതു തുറന്നപ്പോള്‍ എന്റെ അനിയനും അളിയന്മാരും വേറെ കുറച്ച് ആളുകളും തറയില്‍ പറ്റിക്കിടക്കുന്നത് കണ്ടു. ഒരല്പനേരം എന്നെ വെറുതെ വിടാന്‍ സൈനികരോട് അപേക്ഷിച്ചു. അവര്‍ മുകളിലേക്ക് ഫോണ്‍ ചെയ്തശേഷം അനുമതി നല്കി. ഞാന്‍ ബന്ധുക്കളെ വിട്ട് മറ്റുള്ളവരുടെ നേരെ നീങ്ങി. പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ആസാദ്പൂര് ഫ്രൂട്ട്മാര്ക്കറ്റില്നിന്ന് പിടിച്ചുകൊണ്ടു വന്നതായിരുന്നു അവരെ.പിന്നീട് വമ്പിച്ച തുക കൈക്കൂലി വാങ്ങി അവരെ വിട്ടയച്ചു എന്നറിഞ്ഞു. ഇന്നും കേസില്‍ കുടുക്കാതിരിക്കാന്‍ അവര്‍ ദല്‍ഹി പോലിസ് സ്പെഷല്സെല്ലിന് മാസപ്പടി നല്‍കുന്നുണ്ടെന്നാണ് വിവരം. വീണ്ടും മറ്റൊരു റൂമിലേക്ക്. അവിടെനിന്ന് വിരലടയാളവും കാലടയാളവും ഫോട്ടോകളും എടുക്കുന്നതിനായി മറ്റൊന്നിലേക്ക്. അവിടെനിന്നു പിന്നെയും വേറെ സെല്ലിലേക്ക്. അതോടെ നേരം പുലര്‍ന്നുകഴിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ് കമാന്ഡോപടകളുടെ അകമ്പടിയോടെ എന്നെ ഒരു വാഹനത്തില്‍ കയറ്റി. അവിടെ അഫ്സല് ഗുരുവും ശൌക്കത്തും ഉണ്ടായിരുന്നു.സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയാണ് ഞങ്ങളെ^ വൈദ്യപരിശോധന എന്ന തമാശക്ക്. ആശുപത്രിമുറ്റത്തിറങ്ങുമ്പോള് പരിസരം മുഴുക്കെ കമാന്‍ഡോകള്‍ വലയം ചെയ്തിരുന്നു. ഒരു മനുഷ്യക്കുഞ്ഞും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. വിലങ്ങുവെച്ച നിലയില്‍തന്നെ ഞങ്ങളെ റൂമിലേക്ക് തെളിച്ചു. ഞങ്ങളെ പരിശോധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെട്ട ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പോലിസ് ഓഫീസറാണ് എല്ലാ ഫോമും പൂരിപ്പിച്ചുകൊണ്ടിരുന്നത്. ഹൃദയമിടിപ്പ്, നാഡിമിടിപ്പ്, രക്തസമ്മര്‍ദം എല്ലാം നോര്‍മല്‍ ആണെന്നെഴുതാന് അയാള്‍ ഡോക്ടറോട് ആജ്ഞാപിച്ചു. ഒപ്പം മര്‍ദനത്തിന്റെ കാണായ പാടുകളൊന്നും ദേഹത്തില്ലെന്നും. ഞാന്‍ എന്റെ ചോര വാര്‍ന്നൊലിച്ച മുറിപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടി. പക്ഷേ, അത് കേള്‍ക്കാന്‍ ഡോക്ടറുണ്ടായില്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയ ഉടനെ മന്ദിര്‍ മാര്ഗിലോ മറ്റോ ഉള്ള ഒരു റസിഡന്‍ഷ്യല്‍ അപാര്‍ട്ടുമെന്റില്‍ ഞങ്ങളെ എത്തിച്ചു. അത് മജിസ്ട്രേറ്റിന്റെ വീടായിരിക്കണം. പോലിസ് ഓഫീസര്‍മാര്‍ വീടിനകത്ത് കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇരുപതു മിനിറ്റ് കഴിഞ്ഞ് ഒരു സ്ത്രീയെ കൂട്ടിയാണ് അവരുടെ വരവ്. വല്ലതും പറയാനുണ്ടോ?^അവരുടെ ചോദ്യം. എന്തിനാണ് അറസ്റ്റ് എന്ന് വ്യക്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഞങ്ങളെ ക്രൂരമായി മര്‍ദിച്ച് വിലങ്ങണിയിച്ചതും ചൂണ്ടിക്കാട്ടി. കേസ് വാദിക്കാന്‍ വക്കീലിനെ ലഭിക്കേണ്ട കാര്യവും ധരിപ്പിച്ചു. എന്നാല്‍ അതൊന്നും കേട്ടതായി നടിക്കാതെ അവര്‍ അകത്തേക്ക് പോയി. ഞങ്ങളെ ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. വീണ്ടും പോലിസിന്റെ കൈകളിലെത്തിയ ഞങ്ങളെ അല്പനേരം ഇരുണ്ട സെല്ലിലാക്കി. ആ കുറഞ്ഞ നേരത്തേ സംസാരത്തിനിടയില്‍ അഫ്സലും ശൌക്കത്തും അവര്‍ക്കേറ്റ മര്‍ദനത്തെക്കുറിച്ചു പറഞ്ഞു. ചില പോലിസുകാര്‍ അവരുടെ വായിലേക്ക് മൂത്രമൊഴിച്ചത്രെ. ഇരുവരെയും നഗ്നരാക്കി വൃത്തികേടുകള്‍ക്ക് നിര്‍ബന്ധിച്ച് അത് കാമറയില്‍ പകര്‍ത്തി.
2001 ഡിസംബര്‍ 16അന്നു വൈകുന്നേരം ഞങ്ങള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ കാഴ്ചപ്പണ്ടങ്ങളായി. ഞങ്ങള്‍ ആരോടും മിണ്ടരുത്. ചില മാധ്യമപ്രവര്‍ത്തകര്‍ അടുത്തുവന്നപ്പോള്‍, ഞങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുനോക്കി. പക്ഷേ, ആരും ചെവിതന്നില്ല. അന്ന് രാത്രി ചാനല്വാര്ത്തകളിലും പിറ്റേന്നാള്‍ മുഴുവന്‍ ദേശീയമാധ്യമങ്ങളിലും നിറഞ്ഞുനിന്ന വാര്‍ത്ത 'പാര്‍ലമെന്റിലേക്ക് ചാവേറുകളെ എത്തിച്ചത് വാഴ്സിറ്റിയിലെ പ്രമുഖന്' എന്നായിരുന്നു. അങ്ങനെ രാജ്യത്ത് ഒരു കൊടുംഭീകരന് കൂടി പിറന്നുവീണു ^കുറ്റമെന്ത്, തെളിവെന്ത് എന്ന വിസ്താരമൊന്നുമില്ലാതെ. അതൊക്കെ പിന്നെയും ആറുമാസം കഴിഞ്ഞ് 2002 ജൂലൈയില്‍ കോടതിയുടെ പരിഗണനക്ക് വരുന്നേയുണ്ടായിരുന്നുള്ളൂ. പിന്നെയും ആറു മാസം കഴിഞ്ഞ് 2002 ഡിസംബര്‍ 18ന് സെഷന്‍സ് കോടതി ഗീലാനിക്ക് വധശിക്ഷ വിധിച്ചു. തെളിവായി ഉണ്ടായിരുന്നത് ദല്‍ഹിയിലെ മെഡിസിന് എന്‍ട്രന്‍സിന് അപേക്ഷിച്ച അനിയന് ഷാ ഫൈസലുമായി നടത്തിയ 2.16 മിനിറ്റിന്റെ ടെലിഫോണ്‍ സംഭാഷണം. ഇത് രണ്ടു കശ്മീരിപണ്ഡിറ്റുകളുടെ സഹായത്തോടെ ചികഞ്ഞുനോക്കിയെങ്കിലും അപകടമൊന്നും മണക്കാനായില്ല. അതുകൊണ്ടുതന്നെ ദല്‍ഹി ഹൈക്കോടതി പിന്നീട് കുറ്റമുക്തനാക്കി. 2005 ആഗസ്റ്റില്‍ സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തു. എന്നാല്‍ കോടതികള്‍ വെറുതെ വിട്ടാലും വിടാനൊരുക്കമില്ലാത്തവരുണ്ടായിരുന്നു. 2005 ഫെബ്രുവരി എട്ടിന് അഡ്വ. നന്ദിതാ ഹക്സറിന്റെ വീടിനു മുന്നില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമമുണ്ടായി. മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെടുമ്പോഴും നീക്കം ചെയ്യാനാവാത്ത മൂന്ന് വെടിയുണ്ടകള്‍ ശരീരത്തിനകത്ത് ബാക്കിയായി. ഇക്കഴിഞ്ഞ നാലിന് ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ വേദിയിലിരിക്കെ ഒരു എ.ബി.വി.പിക്കാരന് മുഖത്ത് കാര്‍ക്കിച്ചുതുപ്പി.
മരണവക്ത്രത്തില്‍ നിന്നു രക്ഷകിട്ടിയ പാടെ പിന്നെയും പൊരിവെയിലത്തേക്ക് ഇത്ര തിടുക്കത്തില്‍?
ഈ കൌതുകം ആധിയോടെ എന്റെ ചില സുഹൃത്തുക്കള്‍ ഉമ്മയുടെ മുന്നിലും വെച്ചിരുന്നുവെന്ന് അമര്‍ത്തിച്ചിരിച്ച് ഗീലാനി. എന്നാല്‍, സയ്യിദ് അബ്ദുല്‍ വാനി ഗീലാനിയുടെ പുന്നാരമകന്‍ ശരിയെന്നു ബോധിച്ചതേ ചെയ്യൂ എന്ന് അവരെ തിരിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ബീഗം ശഹ്സാദ സയ്യിദ്.'ഈ തീരുമാനം തിഹാറിന്റെ ഇരുളറയിലെത്തുമ്പോള് തന്നെ എടുത്തുകഴിഞ്ഞിരുന്നുവെന്ന് ഗീലാനി. ജയിലിലെത്തുമ്പോള്‍ രണ്ടു സാധ്യതകളേ മുമ്പിലുണ്ടായിരുന്നുള്ളൂ. അതില്‍ മുന്തിനില്ക്കുന്നത് മരണം തന്നെ. അത് തീരുമാനിച്ചുറപ്പിച്ചു തന്നെയാവണം 1984ല്‍ തൂക്കിക്കൊന്ന് തിഹാറില്‍ തന്നെ സംസ്കരിച്ച കശ്മീര്‍ വിമോചനമുന്നണി നേതാവ് മഖ്ബൂല്ഭട്ടിന്റെ ഖബറിനടുത്തുള്ള സെല്‍ അധികൃതര്‍ തനിക്ക് കണ്ടുവെച്ചത്. അത് രക്തസാക്ഷ്യത്തിന് മനസ്സ് പാകപ്പെടുത്താന്‍ ഏറെ സഹായകമായി. ഇനി, വിധിയുടെ അനന്തസാധ്യതയില്‍ എവിടെയെങ്കിലും മോചനം തെളിയുകയാണെങ്കില്‍ ശിഷ്ടജീവിതം ഇതുപോലെ അന്യായമായി തടവറയില്‍ നരകിക്കുന്നവര്ക്കുവേണ്ടിയാകും എന്ന് അന്നേ തീരുമാനിച്ചിരുന്നു. ആ നിശ്ചയദാര്‍ഢ്യം നല്കിയ ആവേശമാണ് ജയിലിലെ നരകനാള് വഴി ഓരോന്നും താണ്ടാന്‍ കരുത്തുപകര്‍ന്നത്. അതിനാല്‍ കുറ്റമുക്തിയുടെ വാര്‍ത്ത കേട്ടപ്പോഴും അത്യല്ഭുതമോ ആഹ്ലാദമോ തോന്നിയില്ല. അറസ്റ്റിനുശേഷം തിഹാറില്‍നിന്ന് പുറത്തുകടക്കുന്നതിനിടെ കണ്ടുംകൊണ്ടും അറിഞ്ഞ വിങ്ങുന്ന സത്യങ്ങള്‍^കിട്ടിയ ഒന്നാമത്തെ അവസരത്തില്‍ തന്നെ അത് ലോകത്തിനുമുന്നില്‍ പൊട്ടിത്തെറിച്ചു. സുപ്രീംകോടതി കുറ്റമുക്തി പ്രഖ്യാപിച്ച് പുറത്തുവിട്ട ശേഷം നടത്തിയ ആ പത്രസമ്മേളനം ന്യൂദല്‍ഹിയിലെ മാധ്യമലോകത്തിന് ഇന്നും അമ്പരപ്പിക്കുന്ന ഓര്‍മയാണ്. ലോക്കപ്പുകളില്‍, പോലിസ്/സൈനികക്യാമ്പുകളില്‍, ജയിലറകളില്‍ വരിയുടക്കപ്പെടുന്ന വിപ്ലവയൌവനങ്ങളില് പലതും അവിടെ കത്തിത്തീരുകയാണ് പതിവ്. അധികാരഭീകരതയുടെ വറചട്ടിയില്‍ വീണുപോകുന്ന വിപ്ലവശിങ്കങ്ങളില് രക്ഷപ്പെടുന്ന മാത്രയില്‍ അവശേഷിക്കുന്ന തീപ്പൊരി കൂടി കുത്തിക്കെടുത്തി ആത്മീയതയുടെ മാളത്തിലൊളിച്ചവരും അക്കാദമികപഠനത്തിന്റെ മലകയറിയവരും ധാരാളം. പത്രകോളങ്ങള്ക്കായി പഴയ വിപ്ലവനൊസ്റ്റാള്ജിയ വിറ്റുപെറുക്കുന്നവര്, അതിനെ നരവംശശാസ്ത്രവിഷയമാക്കി അക്കാദമിക ഗവേഷണത്തിന് മുതല്‍ക്കൂട്ടുന്നവര്‍, ആക്ടിവിസത്തെ സ്ഥിതിവിവരക്കണക്കുകളും ക്ഷേമപദ്ധതികളുമാക്കി അരാഷ്ട്രീയഫണ്ടിംഗ് ഏജന്‍സികളുടെ പത്തായപ്പുരകളിലേക്ക് കടത്തുന്നവര്^ആക്ടിവിസത്തിലെ ഈ ആള്‍മാറാട്ടങ്ങളില്‍ അടുത്ത നറുക്ക് ഗീലാനിക്കും അവര്‍ കുറിച്ചിടുക സ്വാഭാവികം. എന്നാല്‍ ഈ കൂട്ടിക്കൊടുപ്പിന്റെ നാട്ടുനടപ്പില്‍ നിന്നു മാറി ഭരണകൂട ഭീകരതയുടെ ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാനിറങ്ങിത്തിരിക്കുമെന്നായിരുന്നു ഗീലാനിയുടെ പ്രഖ്യാപനം.
2008 മാര്‍ച്ച് 31ന്യൂദല്‍ഹി മാണ്ഡി ഹൌസിലെ എല്‍.ടി.ജി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ്. വേദിയില്‍ അരുന്ധതീറോയ്, സോഷ്യലിസ്റ്റ് നേതാവ് സുരേന്ദ്രമോഹന്‍, ഭഗത്സിംഗിന്റെ അനന്തരവന് ജഗ്മോഹന്, സി.പി.ഐ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകരറെഡ്ഡി, പ്രശസ്ത നാടകകൃത്ത് ഗുര്ചരണ്സിംഗ്, ജമ്മുകശ്മീര്‍ ഹുര്റിയ്യത്ത്നേതാവ് അലി ഷാ ഗീലാനി തുടങ്ങിയ പ്രമുഖര്‍ വേദിയില്‍. ഉപ്കാര് കൌര്‍ എന്ന ഒരു സിഖ്വൃദ്ധ വേദിയില്‍ കയറിവന്ന് സങ്കടം പറയുന്നു: എന്റെ ഭര്‍ത്താവിനെ പഞ്ചാബ് പോലിസ് ക്രൂരമായി കൊന്നു, എന്റെ ഭര്‍തൃസഹോദരനെ തടവിലിട്ടുകൊന്നു, എന്റെ മകന് ദേവീന്ദര്‍പാല്‍ സിംഗ് ഇപ്പോള്‍ കഴുമരം കാത്തു കഴിയുകയാണ്. ഞാന്‍ മരിക്കുവോളം കരഞ്ഞുകഴിയണോ, അതോ നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്പ്പിക്കണോ?'^അവര്‍ വിങ്ങിക്കരയാന് തുടങ്ങി. ഗീലാനി അടുത്തുചെന്നു അവരെ തലോടി ആശ്വസിപ്പിച്ചു സ്റ്റേജില്‍നിന്ന് ഒരു വിധം താഴെയിറക്കി. അതൊരു തുടക്കമായിരുന്നു. തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ആദിവാസികള്‍, ഒറീസയിലെ ഗോത്രവര്‍ഗക്കാര്‍, ഉത്തര്‍ഖണ്ഡിലെ തൊഴിലാളികള്‍, നന്ദിഗ്രാമിലെ പാവങ്ങള്‍, ആന്ധ്രയിലെയും ഗുജറാത്തിലെയും ന്യൂനപക്ഷവേട്ടയുടെ, തമിഴ്നാട്ടിലെ പുലിവേട്ടയുടെ ഇരകള്‍^ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് ഭരണകൂടത്തിന്റെ നീതിനിഷേധത്തിന്റെ പൊള്ളുന്ന കഥകള്‍. ആ കഥപറച്ചില്‍ അവസാനിച്ചപ്പോള്‍ അതിനപ്പുറമുള്ള കാര്യത്തിലേക്ക് കടക്കണമെന്നായി. അങ്ങനെയാണ് കൊല്‍ക്കത്ത ജാദവ്പൂര്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ അമിത് ഭട്ടാചാര്യ കണ്‍വീനറായി രാഷ്ട്രീയത്തടവുകാരുടെ വിമുക്തിക്കായുള്ള വേദി (കമ്മിറ്റി ഫോര്‍ ദ റിലീസ് ഓഫ് ദ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്) രൂപംകൊള്ളുന്നത്.
2008 ഒക്ടോബര്‍ 8വടക്കന്‍ കശ്മീരിലെ അനന്തനാഗ് പട്ടണത്തിലെ പ്രശസ്തമായ ഷേര്‍ബാഗ് പൂന്തോട്ടം. അനന്തനാഗ് ജില്ലയുടെ ആ ആസ്ഥാനനഗരിയുടെ ഒരു പരിച്ഛേദംതന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു. വ്യാപാര, വാണിജ്യ, അഭിഭാഷക, മത, തൊഴിലാളി സംഘടനകളുടെ നേതാക്കളുണ്ട് കൂട്ടത്തില്‍. അമര്നാഥ്പ്രശ്നത്തെത്തുടര്ന്നുണ്ടായ സാമ്പത്തിക ഉപരോധത്തിന്റെ കഷ്ടനഷ്ടങ്ങള്‍ ന്യൂദല്‍ഹിയില്‍ നിന്നുള്ള വസ്തുതാന്വേഷണസംഘത്തിനു മുന്നില്‍ വിവരിക്കുകയാണവര്‍. സംസാരത്തിനിടെ നഷ്ടത്തിന്റെ കണക്കുകള്‍ തിരക്കിയ ഗീലാനിയോട് ഒരാള്‍ തട്ടിക്കയറി. ഇനിയും എന്തു കണക്കാണു വേണ്ടത്? 1947 മുതല്‍ കൊന്നൊടുക്കിയ ലക്ഷക്കണക്കിനാളുകളുടേതോ, ഇപ്പോഴും ഞങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സൈന്യത്തിന്റെയോ?^അയാള്‍ നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. സ്വന്തം നാട്ടുകാരുടെ ഈ വികാരപ്രകടനത്തിനു മുന്നില്‍ ഗീലാനി പക്വതയുള്ള നേതാവായി, കാര്യകാരണസഹിതം വിഷയം പഠിപ്പിക്കുന്ന അധ്യാപകനായി. 'വികാരപ്രകടനങ്ങള്‍ അല്ല കാര്യം. ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി,രാജ്യത്തിന്റെ ഇതര ജനവിഭാഗങ്ങളുടെ മുന്നില്‍ പ്രശ്നം അവതരിപ്പിച്ച് അവരുടെ കൂടി അനുഭാവവും പിന്തുണയും നേടിയെടുത്തേ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയുള്ളൂ' എന്ന് അവരെ തെര്യപ്പെടുത്തി. രണ്ടുനാള്‍ കഴിഞ്ഞ് സംഘത്തിനുമുന്നിലെത്തിയ കശ്മീര്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളും രോഷത്തില്‍ തിളക്കുകയായിരുന്നു. യൂനിയന്‍ തെരഞ്ഞെടുപ്പുപോലും അനുവദിക്കാത്ത സാഹചര്യത്തില്‍ അതിക്രമങ്ങള്‍ക്കുമുന്നില്‍ കഴുത്തുനീട്ടുകയല്ലാതെ എന്തുചെയ്യാന്‍ എന്നായിരുന്നു ചില വിദ്യാര്‍ഥികളുടെ ചോദ്യം. കശ്മീരിനെക്കുറിച്ചും കശ്മീരികളെക്കുറിച്ചും അധികാരകേന്ദ്രങ്ങളും അവര്‍ക്ക് വിധേയരായ മാധ്യമങ്ങളും പറയുന്നതേ ജനങ്ങള്‍ക്കു മുന്നിലുള്ളൂ. അതിനാല്‍ വസ്തുതകളെ താഴ്വരക്കുപുറത്തുള്ളവരിലേക്ക് എത്തിക്കാനും അവകാശസംരക്ഷണത്തിനുള്ള സമരമാര്‍ഗത്തില്‍ ഉറച്ചുനില്ക്കാനും ധൈര്യം കാണിക്കുക^ഒരു അധ്യാപകന്റെ സാന്ദര്‍ഭികമായ ഉദ്ബോധനം. ത്രാലിലും സ്വന്തം നാടായ ബാരാമുല്ലയിലും സൈന്യത്തിന്റെ അതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുമ്പോഴും ജനാധിപത്യത്തിലെ സമരസാധ്യതകള്‍ അവരെ ഓര്‍മിപ്പിക്കുകയായിരുന്നു.'കശ്മീരില്‍ തീവ്രവാദം കത്തിനില്‍ക്കുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു അനാഥപരിപാലനം യജ്ഞമായി ഏറ്റെടുത്താലോ എന്നാലോചിച്ചതാണ്. അതുവഴി മുന്നോട്ടുപോയപ്പോള്‍ കശ്മീരിനെ നശിപ്പിച്ച കോളനിശക്തികള്‍ ഫണ്ടും എന്‍.ജി.ഒയുമായി ആ വഴിയും കടന്നുവരുന്നുണ്ടെന്ന് മനസ്സിലായി. അതോടെ ആ വഴി ഉപേക്ഷിക്കുകയായിരുന്നു'^ഗീലാനി ഓര്‍ത്തെടുക്കുന്നു. ഇരകള്‍ക്കൊപ്പം നിന്ന് അവരെ ശാക്തീകരിക്കുകയാണ് അവരുടെ വിമോചനത്തിനുള്ള പരിഹാരമാര്‍ഗമെന്ന തീര്പ്പിലെത്തിയത് അങ്ങനെയാണ്. ബിരുദാനന്തരബിരുദത്തിന് സ്വര്‍ണമെഡല്‍ നേടിയ ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ തന്നെ അധ്യാപകനായി എത്തിയ ഗീലാനിക്ക് ജോലിയും ജീവിതവുമായി സമരാവേശത്തെ ഒത്തുതീര്‍പ്പാക്കാമായിരുന്നു. എന്നാല്‍ അന്‍വര്‍ഷാ കശ്മീരിയുടെ ജീവിതസമരം ഗവേഷണവിഷയമായെടുത്ത ഗീലാനി അടങ്ങിയിരുന്നില്ല. അതിന്റെ വിലയാണ് തൂക്കുമരത്തിന്റെ നിഴലില്‍ ഒടുക്കേണ്ടിവന്നത്. ആ ഭീഷണി വഴി മാറിയപ്പോള്‍ ഗീലാനി പൊരിവെയിലത്തിറങ്ങുകയായിരുന്നു. നേരിന്റെ നട്ടുച്ചയിലും അവകാശനിഷേധത്തിന്റെ ഇരുട്ടില്‍ അകപ്പെട്ടവര്‍ക്ക് വിമോചനത്തിന്റെ ഒരു തുള്ളിവെളിച്ചമെങ്കിലും പകരാനായെങ്കില്‍ എന്നു കൊതിച്ച്.
Wednesday, October 7, 2009
Subscribe to:
Comments (Atom)
